Monday, July 26, 2010

കരുതിവെപ്പ്








കരുതിവെപ്പ്


അരിവെച്ച കലമുടച്ചുണ്ണി നില്‍ക്കെ

അരിശത്താല്‍ വടിയെടുത്തമ്മ ചൊല്ലി

ഇനി നാളെ എന്തില്‍ നാം കഞ്ഞിവെക്കും

വെറുതെ നിന്നച്ഛന്റെ തല്ലു് കൊള്ളും

നാളെയെന്നുണ്ടെങ്കില്‍ ചൊല്ലുകമ്മേ

നിങ്ങള്‍ നാളേക്കുവേണ്ടി ഇന്നെന്തുവെച്ചു.


പുഴയരിച്ചൂറ്റി മണലെടുത്തു

കുഴികുത്തികുഴലിട്ടു ജലമെടുത്തു

കടല്‍കടഞ്ഞെന്തിനു മീന്‍ പിടിച്ചു

മഴുവെടുത്തെന്തിന് മരമറുത്തു

പിന്നെ,മലയിടിച്ചെന്തിനു മണ്ണെടുത്തു.

പുഴയില്ല,മണലില്ല,മലയില്ല,മരമില്ല

ഇവിടെയെന്തുണ്ടിനി ബാക്കിവെച്ചു

നിങ്ങള്‍,നാളേക്കുവേണ്ടിയാണെന്നുചൊല്ലാന്‍.


കൂരമ്പിനേക്കാള്‍ മുനയുള്ള വാക്കുകേ-

ട്ടമ്മ തന്‍ ഇടനെഞ്ചൊരല്‍പ്പമിടറിയോ?

കരളിലൊരു കാരമുള്‍ കോറിയോ?

നമ്മള്‍ തന്‍ മുഖകവചമൂര്‍ന്നു വീഴുന്നുവോ?

ഓര്‍ക്കുക നമ്മള്‍ മുതിര്‍ന്നവര്‍

ഈ പിഞ്ചുമക്കളോടോതുമ്പോള്‍

നാളെക്കുവേണ്ടി ഇന്നെന്തുചെയ് വൂ

നല്ല നാളേക്കുവേണ്ടി നാമെന്തു ചെയ് വൂ